കർക്കിടക പെയ്ത്തിന്റെ ദുരിതങ്ങൾ മറന്ന് സമൃദ്ധിയുടെ ഒരു ചിങ്ങമാസത്തെ സഹർഷം വരവേൽക്കുകയാണ് ലോക മലയാളികൾ. ചിങ്ങം ഒന്ന് മലയാളിയുടെ പുതുവർഷാരംഭം,ഇതേ ദിവസം തന്നെയാണ് നാം കർഷക ദിനവും ആചരിക്കുന്നത്. എല്ലുമുറിയെ പണിയെടുത്ത് ഒരു ജനതയെ ഊട്ടുന്നവരാണ് നമ്മുടെ കർഷകർ. അന്നദാതാക്കളായ കർഷകരെ നന്ദിയോടെ സ്മരിക്കാൻ ഈ അവസരം നമുക്ക് വിനിയോഗിക്കാം.
കേരളത്തിന് സമ്പന്നമായ ഒരു കാർഷിക സംസ്കാരം ഉണ്ടായിരുന്നു’ എന്ന് പാഠപുസ്തകങ്ങളിൽ പഠിപ്പിക്കേണ്ട നിലയിൽ എത്തി നിൽക്കുകയാണ് മലയാളി. ചിങ്ങത്തിൽ കൊയ്ത നെല്ലുകൊണ്ട് പത്തായം നിറച്ച് ഓണക്കാലത്തെ വരവേറ്റിരുന്ന മലയാളിക്ക് ഇന്ന് ചിങ്ങത്തിലെ കൊയ്ത്തുപോലും ഒരു ഓർമ്മയായി തീർന്നിരിക്കുന്നു.
പുതുതലമുറയ്ക്ക് കൃഷിയോടുള്ള മനോഭാവം മാറാതെ നഷ്ടപ്പെട്ടുപോയ നമ്മുടെ കാർഷിക സംസ്കാരം വീണ്ടെടുക്കുക അപ്രാപ്യമാണ്. കേരളത്തിൻറെ കാർഷിക മേഖലയുടെ ഉയർത്തെഴുന്നേൽപ്പിന് നമ്മുടെ പുതുതലമുറയുടെ ഊർജ്ജം അത്യാവശ്യമാണ് എന്ന തിരിച്ചറിവോടെയാണ് ഞങ്ങൾ നിങ്ങളിലേക്ക് എത്തുന്നത് യുവത്വത്തിൻറെ ചിറകിലേറി കേരളത്തിൻറെ കാർഷിക മേഖല കൂടുതൽ ഉയരങ്ങൾ ലക്ഷ്യമാക്കി കുതിച്ചുയരട്ടെ....
ഏവർക്കും കർഷക ദിനാശംസകൾ